കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി. പി ആര്‍ അരവിന്ദാക്ഷനും സി കെ ജില്‍സും കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട കുറ്റങ്ങളില്‍ ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല. 14 മാസത്തോളമായി രണ്ട് പേരും റിമാന്‍ഡില്‍ തുടരുകയാണ്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാല്‍ രണ്ട് പ്രതികള്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പി ആര്‍ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണ ഇടപാടുകേസില്‍ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടായിരുന്നു ഇഡി സ്വീകരിച്ചത്.
ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ആയിരുന്നു സി കെ ജില്‍സന്‍. അതേസമയം കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 2023 സെപ്റ്റംബര്‍ 27 മുതല്‍ ഇരുവരും ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. 334 കോടി രൂപ വെളുപ്പിച്ചെന്ന ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷന്‍.അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി വായ്പകള്‍ വഴി ലഭിച്ച പണം ആണെന്നുമാണ് ഇഡി പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വില്‍പന നടത്തിയിരുന്നുവെന്നും ഇഡി ആരോപിച്ചു.
Content Highlight: Kerala High Court against ED in Karuvannur bank scam case