അമ്പട കള്ളാ, ലിജീഷിൻ്റെ രണ്ടാം മോഷണം; കട്ടിലിനടിയിലെ അറയിൽ സൂക്ഷിച്ചത് മോഷ്ടിച്ച 1കോടി 21 ലക്ഷം രൂപ

കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവിയിൽ നിന്ന് മനസ്സിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

dot image

കണ്ണൂർ: വളപട്ടണത്തെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് കട്ടിലിനടിയിൽ അറയുണ്ടാക്കിയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ. വീടിൻ്റെ പുറകിലെ ജനൽ തകർത്താണ് മോഷണം നടത്തിയത്.

വിശദമായ അന്വേഷണമാണ് നടത്തിയത്. ഒരുകോടി 21 ലക്ഷം രൂപയും 2136 ഗ്രാം സ്വർണവും കണ്ടെത്തി. 67 സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ പരിശോധിച്ചു. 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് മുതൽ മംഗലാപുരം വരെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി. കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവിയിൽ നിന്ന് മനസ്സിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടുദിവസം മുമ്പ് മുതൽ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. കീച്ചേരിയിൽ നടന്ന മോഷണത്തിലും ഇതേയാൾ തന്നെയാണ് പ്രതി. വിരലടയാളം പരിശോധിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ പണം ഉള്ളത് പ്രതിക്ക് കൃത്യമായി അറിയാമായിരുന്നു. 20-നാണ് പ്രധാനമായും മോഷണം നടന്നത്. 21-ന് നഷ്ടമായ ടൂൾ എടുക്കാൻ ഇയാൾ വീണ്ടും എത്തി. 100 സിസിടിവികൾ പരിശോധിച്ചുവെന്നും അജിത് കുമാർ പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി.

ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഇതോടെ ലിജീഷിലേക്ക് അന്വേഷണം എത്തുകയും പിടിയിലാവുകയും ആയിരുന്നു.

അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവർ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായിരുന്നു മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്.

Content Highlights: Valapattanam theft case updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us