ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം പാലാ സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആൽവിൻ ജോർജ് എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേർത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിൻ മുഹമ്മദ്, ഷൈൻ ഡെൻസ്റ്റൺ, എറണാകുളം സ്വദേശി ഗൗരി ശങ്കർ എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്.
ബസിലുണ്ടായ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടവേര കാർ പൂർണമായും തകർന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറിൽ നിന്നും പുറത്തെടുക്കാനായത്.
മുഖ്യമന്ത്രിയുടെ കുറിപ്പ്
ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
Content Highlights: CM Pinarayi Vijayan expressed his condolences in Kalarcode accident