മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; മധ്യസ്ഥനെ വെക്കാന്‍ ലോറന്‍സിൻ്റെ മക്കളോട് ഹൈക്കോടതി

മധ്യസ്ഥനെ നിയോഗിക്കുന്നതില്‍ അഭിപ്രായം അറിയിക്കണമെന്ന് മക്കളോട് ഹൈക്കോടതി

dot image

കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ലോറന്‍സിന്റെ മക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി പറഞ്ഞത്.

മധ്യസ്ഥനെ നിയോഗിക്കുന്നതില്‍ അഭിപ്രായം അറിയിക്കണമെന്ന് മക്കളോട് ഹൈക്കോടതി പറഞ്ഞു. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിവില്‍ സ്വഭാവമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വാദത്തിനിടെ പറഞ്ഞു. എം എം ലോറന്‍സിന്റെ മക്കളായ ആശാ ലോറന്‍സും സുജാതയും സമര്‍പ്പിച്ച ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹര്‍ജിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയ സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇരുപക്ഷവും നിലപാട് അറിയിച്ച ശേഷമാകും കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

നേരത്തെ രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മകന്‍ എം എല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയില്‍ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍മക്കള്‍ അപ്പീല്‍ നല്‍കി. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ 21 നായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Content Highlight: High Court directs appointment of arbitrator in MM Lawrence case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us