ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്; പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്

dot image

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. മരണത്തിലും ഒരുമിച്ചായിരുന്ന കൂട്ടുകാർക്ക് നെഞ്ച് പൊട്ടിയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ സഹപാഠികൾ വിട നൽകിയത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് കോളേജിലെത്തിയത്. പ്രിയപ്പെട്ടവർക്ക് വണ്ടാനം മെഡിക്കൽ കോളേജ് വിടനൽകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കളും, പ്രിയപ്പെട്ട സഹപാഠികളുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുമാണ് മെഡിക്കല്‍ കോളേജില്‍ തടിച്ചുകൂടിയത്. മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.

മരണപ്പെട്ട വിദ്യാർത്ഥികൾ

കഴിഞ്ഞ ദിവസം ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.

വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോട്ടയം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍, എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും.

Content Highlight: Kalarkode accident: Vandanam medical college teachers and students pay homage to medical students diedin accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us