ഡൽഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപടി കേസിൻ്റെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നൽകുമെന്നും എസ്എഫ്ഐഒ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും സ്വതന്ത്ര അന്വേഷണമാണ് നടന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ വേണ്ടയോ എന്നത് കേന്ദ്രം തീരുമാനിക്കും. സിഎംആർ എല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ മുൻപ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാന്‍ ആകില്ലെന്നും സിഎംആര്‍എല്‍ അറിയിച്ചിരുന്നു.
സി എം ആർ എൽ വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയായിരുന്നു. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. സി.എം.ആര്‍.എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ.ജി.എസ്.ടി. അടച്ചതായി നികുതി വകുപ്പിന്‍റെ കണ്ടെത്തലും പുറത്ത് വന്നിരുന്നു.
content highlight- The monthly case; As the investigation reaches its final stage, the investigation report will be submitted to the center within two weeks.