കൊച്ചി: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവ വിരുദ്ധമാണെന്നും ബിപിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. സിപിഐഎം വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിന്‍ ആരോപിച്ചു.
ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.
10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവാണ് ഭാര്യ. ഇരുവരും പിരിഞ്ഞുകഴിയുകയാണ്.
നേരത്തെ ബിപിന്‍ സി ബാബു സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. 'പോയി തന്നതിന് നന്ദി' എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം.
Content Highlights: Bipin C Babu seeks anticipatory bail in dowry harassment complaint