ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം.പക്ഷെ രഹസ്യ രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്ന് സിഎംആര്‍എല്‍ ചോദിച്ചു.
പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ് കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണെന്നും സിഎംആർഎൽ പറഞ്ഞു. സിഎംആര്‍എലിന്റെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
അതേസമയം, വീണാ വിജയനുമായി ബന്ധപ്പെട്ട മാസപടി കേസിൻ്റെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നൽകുമെന്നും എസ്എഫ്ഐഒ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം നല്‍കിയിരുന്നു. ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും സ്വതന്ത്ര അന്വേഷണമാണ് നടന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ വേണ്ടയോ എന്നത് കേന്ദ്രം തീരുമാനിക്കും. സിഎംആർ എല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒയുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
Content Highlights: CMRL Approaches Delhi Highcourt against SFIO investigation