ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച ദേവാനന്ദ്, ആയുഷ് ഷാജി എന്നിവര്‍ക്ക് വിട നല്‍കാനൊരുങ്ങി നാട്. ഇരുവരുടേയും സംസ്‌കാരം ഇന്ന് നടക്കും. ആലപ്പുഴ കാവാലത്തെ വീട്ടില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആയുഷ് ഷാജിയുടെ സംസ്‌കാരം. പാലാ മറ്റക്കരയിലെ തറവാട്ടുവീട്ടില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവാനന്ദിന്റെ സംസ്‌കാരം നടക്കും. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം എന്നിവരുടെ സംസ്‌കാര കര്‍മങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എറണാകുളം ജുമാ മസ്ജിദിലാണ് ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുകയായിരുന്നു.
അതേസമയം അഞ്ച് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ എംവിഡി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തിലേക്ക് നയിച്ച നാല് കാരണങ്ങളാണ് എംവിഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഴയും വെളിച്ചക്കുറവും, വാഹനത്തിലെ അമിതഭാരം, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം മൂലമുള്ള ബ്രേക്കിംഗ് പിഴവും എയര്‍ബാഗ് ഇല്ലാത്തതുമെല്ലാം അപകടത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കും.
വാടകയ്ക്ക് കാര്‍ എടുത്താണ് വിദ്യാര്‍ത്ഥികള്‍ സിനിമ കാണാന്‍ പോയതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാര്‍ വാടകയ്ക്ക് നല്‍കിയതല്ലെന്നും പരിചയത്തിന്റെ പേരില്‍ നല്‍കിയതാണെന്നും ചൂണ്ടിക്കാട്ടി കാറുടമ ഷാമില്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പനക്കാരനായ ഷാമിലിന് മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാറുമായി പരിചയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ നല്‍കിയത്. ആറുപേരുണ്ടെന്നും മഴ കാരണം ബൈക്കിന് പോകാനാകില്ലെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. കാര്‍ നല്‍കാന്‍ ആദ്യം വിസമ്മതിച്ചുവെന്നും എന്നാല്‍ സഹോദരൻ്റെ വാക്കുകള്‍ പരിഗണിച്ചാണ് കാര്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഷാമില്‍ ഖാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തിങ്കളാഴ്ച കളര്‍കോട് നടന്ന വാഹനാപകടത്തിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരിച്ചത്. ഏഴ് പേര്‍ക്ക് ഇരിക്കാന്‍ പറ്റാവുന്ന കാറില്‍ പതിനൊന്ന് പേരായിരുന്നു സംഭവസമയത്ത് ഉണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ടതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് നേരത്തെ ദൃക്‌സാക്ഷികളടക്കം വ്യക്തമാക്കിയിരുന്നു. മുന്നില്‍ എന്തോ വസ്തു കണ്ടുവെന്നും രക്ഷയ്ക്കായി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
Content Highlight: Cremation of Devanand and Ayush died in Kalarcode accident to held today