കൊല്ലം: കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഇഡിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. കേസിലെ പ്രതികളുടെ സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രതികളുടെ സ്വത്തുക്കള്‍ ക്രയവിക്രയം നടത്തുന്നതിനും ഹൈക്കോടതിയുടെ വിലക്ക് ഏര്‍പ്പെടുത്തി. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കോണ്‍ഗ്രസ് വിമതര്‍ ഭരിക്കുന്ന ബാങ്കാണ് ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്.
നിക്ഷേപത്തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സഹകാരിയായ രാജേന്ദ്രന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളെപ്പറ്റി ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം. ബാങ്ക് ഭരണസമിതിയുടെ ധനസമ്പാദനത്തിന്റെ ഉത്തമ ഉദാഹരണമാണ് ക്രമക്കേട്. സഹകാരികളുടെ നിക്ഷേപത്തുക ഉപയോഗിച്ചാണ് ബാങ്കിലെ ക്രമക്കേട് നടത്തിയതെന്നുമായിരുന്നു ഇന്നലെ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. രാവിലെ ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
content highlight- Financial irregularities in Edamulakkal Cooperative Bank: HC directs ED to probe case