ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം. ആല്‍വിന്‍ ജോര്‍ജ് എന്ന വിദ്യാര്‍ത്ഥിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വാഹനാപകടത്തില്‍ പിരിക്കേറ്റവരുടെ ആരോഗ്യസ്ഥതി വിലയിരുത്താൻ മെഡിക്കല്‍ ബോര്‍ഡിന്റെ യോഗം ഇന്ന് ചേരും. പത്ത് വകുപ്പ് മേധാവികളെ മോഡിക്കല്‍ ബോര്‍ഡ് അംഗങ്ങളാക്കി ബോര്‍ഡ് നിയമിച്ചിട്ടുണ്ട്. സംഭവത്തിന്‌റെ പശ്ചാത്തലത്തില്‍ വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും. അപകടത്തെ കുറിച്ച് വിശദമായിപഠിച്ച ശേഷമായിരിക്കും നടപടി.
വാഹനാപകടത്തില്‍ മരിച്ച ദേവാനന്ദ്, ആയുഷ് രാജ് എന്നിവര്‍ക്ക് വിട നല്‍കാനൊരുങ്ങുകയാണ് നാട്. ഇരുവരുടേയും സംസ്‌കാരം ഇന്ന് നടക്കും. ആലപ്പുഴ കാവാലത്തെ വീട്ടില്‍ പത്ത് മണിയോടെ ആയുഷ് രാജിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. പാലാ മറ്റക്കരയിലെ തറവാട്ടുവീട്ടില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവാനന്ദിന്റെ സംസ്‌കാരം നടക്കും.
അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം എന്നിവരുടെ സംസ്‌കാര കര്‍മങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എറണാകുളം ജുമാ മസ്ജിദിലാണ് ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം നടന്നത്.
അതേസമയം അഞ്ച് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ എംവിഡി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തിലേക്ക് നയിച്ച നാല് കാരണങ്ങളാണ് എംവിഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഴയും വെളിച്ചക്കുറവും, വാഹനത്തിലെ അമിതഭാരം, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം മൂലമുള്ള ബ്രേക്കിംഗ് പിഴവും എയര്‍ബാഗ് ഇല്ലാത്തതുമെല്ലാം അപകടത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കും.
Content Highlight: Kalarcode accident : One admitted amrita hospital's health condition deterioirsted