കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകള്‍ മാതു മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നു. വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശിയാണ് അംഗത്വം നല്‍കിയത്. മധു മുല്ലശ്ശേരിക്കും മകന്‍ മിഥുന്‍ മുല്ലശ്ശേരിക്കും പിന്നാലെയാണ് മകളും ബിജെപിയില്‍ ചേര്‍ന്നത്.
ഓര്‍മ്മവെച്ചകാലം മുതല്‍ സിപിഐഎമ്മിനോടൊപ്പമായിരുന്നു തങ്ങളുടെ കുടുംബമെന്ന് മാതു പ്രതികരിച്ചു. അച്ഛന്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നതു കണ്ടാണ് വളര്‍ന്നത്. 42 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി തീര്‍ത്തെന്നും മാതു പ്രതികരിച്ചു. ബിജെപി ജില്ലാസെക്രട്ടറി ലേഖ അശോകന്‍, വൈക്കം മണ്ഡലം ജനറല്‍ സെക്രട്ടറി എം കെ മഹേഷ്, പാര്‍ട്ടി തലയാഴം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി വിനോദ് കുമാര്‍, പ്രസിഡന്റ് ടി സുമേഷ് എന്നിവരും മാതുവിന്റെ വീട്ടിലെത്തിയിരുന്നു.
ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിന് പിന്നാലെ മധുവിനെ കഴിഞ്ഞദിവസം സിപിഐഎമ്മില്‍ നിന്നും മിഥുനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നുമാണ് മധു മുല്ലശ്ശേരി കഴിഞ്ഞദിവസം പ്രതികരിച്ചത്. താന്‍ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബിജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നും മധു പ്രതികരിച്ചിരുന്നു.
Content Highlights: Madhu Mullassery Daugher Mathu Mullasery Joined in BJP