വിലങ്ങാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വേഗത്തിലാക്കും; ചൂരല്‍മലയിലെ അതേ പരിഗണന നല്‍കുമെന്ന് മന്ത്രി

'വാടക വീടുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങള്‍ക്ക് 6000 രൂപ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തും'

dot image

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നല്‍കുന്ന അതേ പരിഗണന വിലങ്ങാട്ടും നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ ഇമാജിനേഷന്‍ എന്ന സ്ഥാപനം മുഖേന ലിഡാര്‍ സര്‍വേ നടത്തിയ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആ പ്രദേശങ്ങളില്‍ കോഴിക്കോട് എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങള്‍ വാസ യോഗ്യമാണോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജനുവരിയിൽ കൈമാറുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദുരന്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനാവശ്യമായ നിര്‍ദേശം കൃഷി വകുപ്പ് മന്ത്രി നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ പരിണിതഫലമായി പുഴയില്‍ അടിഞ്ഞു കൂടിയ എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കും. ഇതിനായി മേജര്‍ ഇറിഗേഷന്‍ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കളക്ടര്‍ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം.

പുഴയുടെ തകര്‍ന്ന പാര്‍ശ്വ ഭിത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനിച്ചു. ദുരന്തബാധിതരായി താത്കാലിക വാടക വീടുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങള്‍ക്ക് നല്‍കാൻ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്തും.

ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഒരു കുടുംബങ്ങളിലെ മുതിര്‍ന്ന രണ്ട് പേര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂര്‍ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം നടത്താനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി.

Content Highlight: Minister k rajan said that rehabilitation will be speeded up in Vilangad Landslide

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us