തൃശ്ശൂർ: പാസ്‍പോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
പാസ്‍പോർട്ട് സേവനങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് പൊലീസ് പറയുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‍പോർട്ട് പെട്ടെന്ന് തന്നെ വീട്ടിലെത്തും എന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇപ്പോൾ തട്ടിപ്പുകാർ പ്രധാനമായി ഉപയോഗിക്കുന്നത്. ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണമെന്നും പൊലീസ് അറിയിച്ചു.
പാസ്പോർട്ടുമായി ബന്ധപെട്ട ഏത് പ്രവർത്തനത്തിനും പാസ്‍പോർട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അല്ലെങ്കിൽ ഔദ്യോഗിക പാസ്‍പോർട്ട് സേവാ വെബ്‍സൈറ്റോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിക്കാം.
പാസ്‍പോർട്ട് സേവനങ്ങൾ നൽകുന്നുവെന്ന് പറയുന്ന അനൗദ്യോഗിക വെബ്‍സൈറ്റുകളിൽ പ്രവേശിക്കുകയോ അതിലൂടെ ഫീസ് അടക്കുകയോ ചെയ്യരുത്. നിങ്ങൾ പ്രവേശിക്കുന്നതും അപേക്ഷിക്കുന്നതും ഇടപാടുകൾ നടത്തുന്നതും ഔദ്യോഗിക വെബ്‍സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാൻ വെബ്സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണമെന്നും പൊലീസ് പറഞ്ഞു.
വെബ്‍സൈറ്റ് gov.in എന്നതിൽ അവസാനിക്കുന്നവയല്ലെങ്കിൽ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.വ്യാജ വെബ്‍സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ സഞ്ചാർ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബർ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യുകയും വേണമെന്നും പൊലീസ് അറിയിച്ചു.
Content Highlight: The police has issued a warning against fraud targeting those who have applied for passports