തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.
മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. യു ആര്‍ പ്രദീപ് സഗൗരവവും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. യു ആര്‍ പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് യു ആർ പ്രദീപിന് ലഭിച്ചത്. 2016 ലായിരുന്നു ആദ്യ വിജയം.
രാഹുലിന്റേത് കന്നി അങ്കമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്‍റെ വിജയം.
18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്.
ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
Content Highlights: Rahul Mamkootathil and U R pradeep Take Oath as MLAs