പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗില്‍ ഉപഹാരം സമ്മാനിച്ച് സ്പീക്കര്‍; ചര്‍ച്ചയായതോടെ വിശദീകരണം

തിരഞ്ഞെടുപ്പില്‍ വിവാദമായ നീല ട്രോളി ബാഗിന്റെ അതേ മാതൃകയിലുള്ളത് സമ്മാനിച്ചതാണ് ചര്‍ച്ചയായത്

dot image

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗില്‍ ഉപഹാരം സമ്മാനിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍.
സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍, യു ആര്‍ പ്രദീപ് എന്നിവര്‍ക്കാണ് നീല ട്രോളി ബാഗ് സമ്മാനിച്ചത്. സമ്മാനിച്ചത് തിരഞ്ഞെടുപ്പില്‍ വിവാദമായ നീല ട്രോളി ബാഗിന്റെ അതേ മാതൃകയിലുള്ളതായതിനാല്‍ നിമിഷങ്ങള്‍ക്കകം ചര്‍ച്ചയായി.

സ്പീക്കറുടെ സമ്മാനം ചര്‍ച്ചയായതോടെ ബാഗിന്റെ നിറത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. ഉമാ തോമസിനും ചാണ്ടി ഉമ്മനും നല്‍കിയത് നീല നിറത്തിലുള്ള ട്രോളി ബാഗാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

പാലക്കാട് നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്നും വിജയിച്ച സിപിഐഎമ്മിന്റെ യുആര്‍ പ്രദീപുമാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.

ആദ്യമായാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് ഇരുവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. യു ആര്‍ പ്രദീപിന്റെ ഭാര്യയും മക്കളും രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തി.

Content Highlight: Speaker an shamseer presents blue trolley bag to new MLAs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us