വിവാഹ പന്തലില്‍ ഓടി നടന്നു, പകുതിയില്‍ അറിഞ്ഞു താനാണ് ആ കോടീശ്വരന്‍, ഭാര്യയോടും പറഞ്ഞില്ല

12 കോടിയില്‍ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക.എന്നാല്‍ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്.

dot image

കൊല്ലം: അന്ന് ഒരൊറ്റയക്കത്തിനാണ് 12 കോടി രൂപ കൈവിട്ടുപോയത്. അതിന്റെ വിഷമത്തില്‍ കൂടിയാണ് പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാര്‍. എന്നാല്‍ ആ വിഷമം ഇന്നലെ മാറി. അന്ന് കൈവിട്ടുപോയ 12 കോടി രൂപ അതേ കേരള ലോട്ടറിയിലൂടെ തന്റെ കൈയ്യിലേക്ക് എത്തുന്നു എന്ന സന്തോഷം വന്നതോടെയാണ് വിഷമം മാറാനുള്ള കാരണം.

ഇന്നലെ ഉച്ചക്ക് പൂജ ബമ്പര്‍ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്യാണപന്തലിലായിരുന്നു ദിനേശ്. ആ സമയത്ത് തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശിന് മനസിലായി. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുംപോലും പറഞ്ഞില്ല.

വിവാഹം കഴിക്കാന്‍ പോകുന്ന കൂട്ടുകാരന്‍ വിദേശത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാല്‍ വിവാഹത്തിന്റെ മേല്‍നോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. വിവാഹത്തിന് ശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. ആരോടും ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ഭാര്യയോട് സന്തോഷ വാര്‍ത്ത അവതരിപ്പിച്ചു. മക്കളും അറിഞ്ഞു. പിന്നീട് നാടും അറിഞ്ഞു.

12 കോടിയില്‍ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക. എന്നാല്‍ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്. ഒരുകോടി രൂപ കൂടി അധിക സമാനമായി ലഭിക്കും.


ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് ഏജന്‍സി വ്യവസ്ഥയിലാണ് ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് ടിക്കറ്റ് എടുത്തത്. ഇതിന്റെ ബില്ലും ദിനേശിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്നിനാണ് സമ്മാനമടിച്ചത്. അതിനാലാണ് കമ്മീഷന്‍ തുകയായ ഒരു കോടി ഇരുപത് ലക്ഷം രൂപയും ദിനേശിന് ലഭിക്കുക. ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങിയതിനാല്‍ ദിനേശ് സബ് ഏജന്റാണ് എന്നായിരുന്നു വിറ്റയാളുടെയും ധാരണ.

അതേസമയം, ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്. 'തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്', ദിനേശ് കുമാര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍കൊടുക്കുന്ന സംവിധാനമാണ് കേരള ലോട്ടറി. ലോട്ടറി എടുത്താലേ അടിക്കുള്ളൂ. എല്ലാവരും ലോട്ടറി എടുക്കണം എന്നാണ് തന്റെ അഭിപ്രായം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തിട്ട് അടിച്ചില്ലെങ്കില്‍ പിന്നീട് എടുക്കാതിരിക്കരുതെന്നും ദിനേശ് കുമാര്‍ പറയുന്നു. സ്ഥിരമായി ബമ്പര്‍ എടുക്കുന്നയാളാണ് ദിനേശ് കുമാര്‍. ഇത്തവണ പത്ത് ടിക്കറ്റ് എടുത്തിരുന്നു. തനിക്ക് ലോട്ടറി അടിച്ചത് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്നും 2019 ല്‍ ഒറ്റ നമ്പറിനാണ് തനിക്ക് ഭാഗ്യം പോയതെന്നും ദിനേശന്‍ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us