കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ തന്നെ കാണാനെത്തിയതിന് പിന്നിൽ ഒരു പുസ്തകം കൈമാറുകയെന്ന ഉദ്ദേശം മാത്രമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരൻ. ഉത്തരവാദിത്വപ്പെട്ട ആളുകൾ തമ്മിൽ കാണുന്നത് ദുരുദ്ദേശപരമായി വ്യാഖ്യാനിക്കരുതെന്നും മറ്റ് പാർട്ടിക്കാരെ കാണരുതെന്ന് പാർട്ടി പറഞ്ഞിട്ടില്ലായെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഗോപാലകൃഷ്ണനെ കണ്ടതിൽ എന്താണ് കുഴപ്പം. എന്നെ കാണാൻ പലരും വന്നിട്ടുണ്ട്. കെ .സി വേണുഗോപാലും എന്നെ കാണാൻ വന്നിട്ടുണ്ട്.
കെ.സി യുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ട്. പക്ഷെ കെ സി ഒരിക്കലും തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കില്ല, അദ്ദേഹം അത്ര മണ്ടനല്ല. കാണാൻ വരുന്നവർ ആരും എന്നെ സ്വാധീനിക്കുന്നില്ല.' ജി സുധാകരൻ പറഞ്ഞു.
തൻ്റെയും തൻ്റെ ഭാര്യയുടെയും മനസ് ബി ഗോപാലകൃഷ്ണൻ എങ്ങനെ അറിഞ്ഞു. ബി ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്.
അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ താൻ തൻ്റെ വീട് പടിക്കൽ കേറ്റുമോ എന്നും സുധാകരൻ ചോദിച്ചു. സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും സിപിഎമ്മില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ നിലപാടിനോട് സുധാകരന് പാതി യോജിപ്പാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തിയത്.
content highlight- G. Sudhakaran said that B. Gopalakrishnan came to see him only with the intention of handing over a book.