ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. വാഹനം നല്‍കിയത് വാടകയ്ക്ക് തന്നെയാണെന്ന് വ്യക്തമായി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു.
വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഇല്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.
'മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു', എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
അതേസമയം സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.