തൃശ്ശൂര്‍: മൂന്ന് മണിക്കൂര്‍ നീണ്ട സാഹസിക ദൗത്യം പരാജയപ്പെട്ടു. സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.
ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകള്‍ ഉയര്‍ത്തുകയും തലയുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു.
പാലിപ്പിള്ളി എലിക്കോടായിരുന്നു കുട്ടിയാന സെപ്റ്റിക് ടാങ്കില്‍ വീണത്. എലിക്കോട് നഗറില്‍ റാഫി എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
Content Highlight: Rescue missions failed; little elephant who fell into septic tank died