പത്തനംതിട്ട : സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്.
തിരക്കിൽപ്പെട്ട് പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടക്കുകയായിരുന്നു മാളികപ്പുറം. സിവിൽ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ് മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് കുട്ടിയെ കണ്ടത്. കുട്ടിയുടെ കരച്ചിൽ കണ്ട് വിവരം തിരക്കിയ ഇവർ റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ പെട്ടെന്നു തന്നെ ബന്ധപ്പെട്ടുകയായിരുന്നു.
അച്ഛൻ വിഘ്നേഷ് എത്തിയതോടെ ശിവാർഥികയുടെ മുഖത്ത് ആശ്വാസ ചിരി വിടർന്നു. പൊലീസ് അങ്കിൾമാർക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലയിറങ്ങിയത്. ഇത്തരത്തിൽ നിരവധി കുട്ടികൾക്കാണ് പൊലീസിൻ്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.
10 വയസിൽ താഴെയുള്ള 5000 ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് നൽകിയത്. പമ്പയിൽ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്ര ഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്.
പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.
Content Highlight : A police wristband came to the aid of Malikappuram who got lost in Sannidhanam