Jan 22, 2025
08:07 PM
തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം. കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാൻ പാടില്ല, കേസിലെ തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം, സാമൂഹിക മാധ്യമങ്ങൾ വഴി അനാവശ്യ പ്രചരണം പാടില്ലെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു.
അതേസമയം നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയിൽ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. കർശന ജാമ്യവ്യവസ്ഥകൾ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. പരാതിക്കാരിയെ സിദ്ദിഖ് പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നും ബലാത്സംഗ ചെയ്തെന്നും പുറത്ത് പറയുമെന്ന് പറഞ്ഞ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർക്ക് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സിദ്ദിഖിനെ ഹാജരാക്കിയത്.
Content Highlights: Actor Siddique granted conditional bail in rape complaint