കളർകോട് അപകടം: ആൽവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പൊതുദർശനം

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആൽവിൻ ഇന്നലെ രാത്രിയാണ് മരിച്ചത്

dot image

ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആൽവിൻ ഇന്നലെ രാത്രിയാണ് മരിച്ചത്. ആൽവിൻ ജോർജിൻ്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് പൂർത്തിയാക്കി പുലർച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം പത്തുമണിയോടെ ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളേജ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. തിങ്കളാഴ്ച ശവസംസ്കാരം നടത്താനാണ് നിലവിലെ തീരുമാനം.

ആൽവിന് തലച്ചോറിലും ആന്തരികാവയവങ്ങളിലുമായിരുന്നു ഗുരുതര ക്ഷതമേറ്റത്. വിദഗ്ധ ചികിത്സ വേണമെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തെത്തുടർന്നാണ് എറണാകുളത്തേക്ക് മാറ്റിയത്.

എറണാകുളത്തെ ആശുപത്രിയിലാണെങ്കിലും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ചികിത്സ. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച ആൽവിന് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല. കളർകോട് അപകടത്തിൽ ഇതോടെ മരണം ആറായി.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

Content Highlights: Alvins body to be brought to Vandanam medical college

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us