വാഹനം നൽകിയത് കള്ള ടാക്സിയായി; കളർകോട് അപകടത്തിൽ വാഹന ഉടമയ്ക്കെതിരെ എംവിഡി കേസെടുത്തു

കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ എംവിഡി കേസെടുത്തു

dot image

ആലപ്പുഴ: ആറ് വിദ്യാർത്ഥികളുടെ ജീവൻ പൊലിയാൻ ഇടയാക്കിയ ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വാഹനം നൽകിയത് കള്ള ടാക്സിയായെന്ന് എംവിഡി കണ്ടെത്തിയിരിക്കുന്നു. അപകടത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഷാമിൽ ഖാന് വാടക ഗൂഗിൾ പേ വഴി നൽകിയതിന്റെ തെളിവും കോടതിയിൽ ഹാജരാക്കും.

വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.

'മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു', എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

Content Highlights: Case against Vehicle owner at kalarkode accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us