ആലപ്പുഴ: കളര്‍കോട് ആറ് പേരുടെ മരണത്തിന് ഇടയാക്കിയ കാറിന് തകരാറുണ്ടായതായി തോന്നിയെന്ന് കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥി ഗൗരി ശങ്കര്‍. പൊലീസിന് നല്‍കിയ മൊഴിയിലാണ് പരാമര്‍ശം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വിചാരിച്ച സ്പീഡ് കിട്ടിയില്ലെന്നും പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ കാര്‍ തെന്നി നീങ്ങുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മൊഴിയിലുണ്ട്.
'കനത്ത മഴയുണ്ടായിരുന്നതിനാലാണ് അന്ന് കാര്‍ എടുക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ റെയ്ബാന്‍ തിയേറ്ററില്‍ 9.30നുള്ള ഷോയ്ക്കായിരുന്നു ടിക്കറ്റെടുത്തത്. കാര്‍ ഓടിച്ചുതുടങ്ങിയപ്പോള്‍ തന്നെ എന്തോ തകരാറുള്ളതായി തോന്നിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ വിചാരിച്ച പുള്ളിംഗ് കിട്ടിയിട്ടില്ല. ആക്‌സിലറേറ്ററില്‍ കൊടുക്കുന്ന പവറിന് അനുസരിച്ചുള്ള വേഗത കിട്ടിയില്ല. ഇതിനിടെയാണ് എതിര്‍വശത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി കണ്ടത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടി. റോഡ് നനഞ്ഞു കിടന്നതിനാല്‍ നിയന്ത്രണം വിട്ടു, വലതുവശത്തേക്ക് തെന്നിമാറി, ബസിലിടിച്ചു,' വിദ്യാര്‍ത്ഥി പറഞ്ഞു.
കാറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വാഹനത്തിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായ മുഹസിന്റെ മൊഴി. ഇന്നലെ മെഡിക്കല്‍ കോളേജിലെത്തിയ സൗത്ത് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.
വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിന്റെ ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പാണ് കേസെടുത്തിരിക്കുന്നത്. വാഹനം നല്‍കിയത് കള്ള ടാക്‌സിയായെന്ന് എംവിഡി കണ്ടെത്തിയിരുന്നു. അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഷാമില്‍ ഖാന് വാടക ഗൂഗിള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.
വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ഗൗരി ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. അഞ്ച് പേര് തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.
Content Highlight: Kalarcode accident: Driver says he felt like car had a complaint, accident happened while overtaking