തൃശൂര്‍: ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ പറ്റില്ലെന്നും അങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്നും പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്. പകല്‍ സമയത്ത് ആന എഴുന്നള്ളിപ്പ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ ഉത്തരവ് നടപ്പാക്കിയാല്‍ ഉത്സവങ്ങള്‍ നടക്കില്ല. ഇത് സംബന്ധിച്ച് നിയമനിര്‍മാണം നടത്തണം. സംസ്ഥാന സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു.
ജില്ലയില്‍ 1,600 ഉത്സവങ്ങള്‍ പ്രതിസന്ധിയിലാണെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു. ആന എഴുന്നള്ളിപ്പും പൂരം വെടിക്കെട്ടും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യും. ഇതിന് ശേഷം പ്രതിഷേധ കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. പൂരം നടത്താന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കും. നിയമനിര്‍മാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജി രാജേഷ് വ്യക്തമാക്കി.
ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights- paramekkavu devaswom secretary against hc order on elephant procession