പി പി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം

മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.

dot image

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച പി പി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം. ധനകാര്യ സ്ഥിരം സമിതി പുനസംഘടിപ്പിച്ചതോടെയാണ് ദിവ്യ ധനകാര്യ സമിതിയിലിടം നേടിയത്. ജില്ലാ പഞ്ചായത്തംഗങ്ങള്‍ ഏതെങ്കിലും സ്ഥിരം സമിതിയിലംഗമാവണമെന്നുണ്ട്.

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ പാര്‍ട്ടി ഇടപെട്ട് നീക്കിയിരുന്നു. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ പാര്‍ട്ടി നിര്‍ദേശിക്കുകയും ചെയ്തു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദിവ്യ റിമാന്‍ഡിലായപ്പോള്‍ സിപി ഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അതേ സമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതിയുടെ പ്രതികരണം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് ഡയറിയും കോടതി പരിശോധിക്കും. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത്.

യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.

Content Highlights: PP Divya is now a member of the District Panchayat Finance Standing Committee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us