കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയെന്ന പരാതിയില്‍ വിവരാവകാശ കമ്മീഷന്‍ നാളെ വിധി പറയും. കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ആണ് വിധി പറയുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് വിവാരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവാരാവകാശ കമ്മീഷന്‍ മുന്നോട്ടുവെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍ ഇതിനെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ആര്‍ റോഷിപാല്‍ അടക്കമുള്ളവര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.
നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്‍ റോഷിപാല്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇതിനൊപ്പം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ കൈമാറിയേക്കുമെന്ന് സൂചനയുണ്ട്.
Content Highlights- right to information commission verdict on hema committee report tomorrow