ന്യൂഡൽഹി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയന് കേരളഹൗസിൽവച്ച് ഒരു ലക്ഷം രൂപയാണ് സീമ ചിഷ്‌തി കൈമാറിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം നൽകണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം രോഗബാധിതനാവുകയും വിയോഗം സംഭവിക്കുകയും ചെയ്‌തു. സീതാറാം യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റാനാണ് ഭാര്യ സീമ ചിഷ്തി മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയത്.
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരിധബാധിതരുടെ പുരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്ന് പറഞ്ഞിരുന്നു. വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ 20,44,63,820 രൂപ സമാഹരിച്ചെന്നും വി കെ സനോജ് അറിയിച്ചു. ഇതിനായി സഹകരിച്ച മുഴുവൻ ജനങ്ങളോട് ഡിവൈഎഫ്ഐ നന്ദി അറിയിച്ചു. പുനരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ബിരിയാണി ചലഞ്ചിലൂടെയും ചായക്കട നടത്തിയും ചുമടെടുത്തുമെല്ലാം സംസ്ഥാനത്ത് ഉടനീളം ഡിവൈഎഫ് പ്രവർത്തകർ വയനാടിന് കൈത്താങ്ങ് നൽകാനുള്ള ധനശേഖരണത്തിൽ പങ്കാളികളായിരുന്നു. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തുടക്കം മുതൽ ഡിവൈഎഫ്ഐ വോളണ്ടിയർമാർ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചുവെന്നും വി കെ സനോജ് പറഞ്ഞു.
ദുരിതാശ്വാസ ധനസഹായത്തോട് കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നതിനെയും വി കെ സനോജ് വിമർശിച്ചു. പ്രധാനമന്ത്രി നേരിട്ടു കണ്ട് ബോധ്യപ്പെട്ടിട്ടും വയനാടിനെ സഹായിച്ചില്ല. വയനാടിനോട് വിവേചനം കാണിക്കുന്നുവെന്നും കേരളത്തോട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നുവെന്നും വി കെ സനോജ് വ്യക്തമാക്കി. ഇതിനെതിരെ ഡിവൈഎഫ്ഐ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു.കോൺഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിന് പ്രാഥമിക അംഗത്വം നൽകുമെന്നും ചുമതല പിന്നീട് തീരുമാനിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി.
Content Highlights: Chooralmala, Mundakai landslide relief: Sitaram Yechury's wife hands over Rs 1 lakh to Chief Minister pinarayi vijayan