ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണസംഘം റിപ്പോർട്ട് സർക്കാരിന് കൈമാറി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ വി മീനാക്ഷിയാണ് റിപ്പോർട്ട് കൈമാറിയത്. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്തിമ റിപ്പോർട്ട് നൽകിയത്.
ആലപ്പുഴ സ്വദേശികളായ അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്ന് ദമ്പതികൾ പറഞ്ഞത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.
ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. സ്കാനിങ് സെൻററുകൾക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരുന്നത്. സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു.
Content Highlights: The investigation team submitted their report to the government regarding the failure to identify the deformity in the newborn.