പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.
അനങ്ങനടി ഹൈസ്‌കൂളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളെയാണ് കാണാതായത്. മൂന്നുപേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.
ക്ലാസില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകര്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടികള്‍ സ്‌കൂളിലേക്കായി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നുവെന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടികള്‍ സ്‌കൂളിലെത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ അധ്യാപകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവര്‍ എന്‍സിസി യൂണിഫോമില്‍ വീട്ടില്‍ നിന്നും ഇറങ്ങിയെന്നും കളര്‍ ഡ്രസുകള്‍ കയ്യില്‍ കരുതിയിരുന്നുവെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ അധ്യാപകര്‍ക്ക് മനസ്സിലായി. ഇക്കാര്യം അധ്യാപകര്‍ പൊലീസിനെ അറിയിച്ചിരുന്നു.
Content Highlight: Three students who went to school found missing from Palakkad Ottappalam