'വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പകല്‍ക്കൊള്ള',സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്ന് വി ഡി സതീശൻ

'ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരം'

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണെന്ന് വി ഡി സതീശൻ പറഞ്ഞു. നടപടിയിൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു. നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പന്തം കൊളുത്തി പ്രകടനം.

'വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്.

ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി'യെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റിന് പതിനാറ് പൈസയാണ്  വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്. അതേസമയം, നാല്‍പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് ബാധകമല്ല. നിരക്ക് വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസ വര്‍ധിക്കും.

Content Highlights: VD Satheesan reacts to the government's move to increase electricity rates.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us