
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സന്ദീപ് വാര്യര്‍ ഒരു കഴിവും ഇല്ലാത്തയാളാണെന്നും സന്ദീപിനെ വലിയ ആളെ പോലെ പാര്‍ട്ടി കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത് അതിശയമുണ്ടാക്കുന്നതാണെന്നും മുന്‍ എഐസിസി അംഗം വിജയന്‍ പൂക്കാടന്‍ വിമര്‍ശിച്ചു.
കെപിസിസി ചുമതലക്ക് യോഗ്യതയുള്ള നിരവധി നേതാക്കള്‍ പാലക്കാട് ഉണ്ട്. ബിജെപിയില്‍ നിന്ന് തള്ളി കളഞ്ഞ ആളെ ആവശ്യമില്ല.
ബിജെപിക്ക് സന്ദീപിനെ വേണ്ടായിരുന്നു അതുകൊണ്ടാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ പിടിച്ചു നിര്‍ത്താതിരുന്നത്. എന്താണ് സന്ദീപിന്റെ സംഭാവന? സന്ദീപിന് ഒപ്പം ആരെങ്കിലും പാര്‍ട്ടിയിലേക്ക് വരുമോ? സന്ദീപ് വന്നത് പാലക്കാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. സന്ദീപ് വന്നത് കൊണ്ട് വോട്ട് കുറഞ്ഞു. സന്ദീപ് ഇപ്പോഴും കോണ്‍ഗ്രസായി മാറിയിട്ടില്ല. മാറിയിരുന്നെങ്കില്‍ ആര്‍എസ്എസിന് സ്ഥലം വിട്ടു കൊടുക്കുമെന്ന് സന്ദീപ് പറയുമായിരുന്നില്ലെന്നും വിജയന്‍ പൂക്കാടന്‍ പറഞ്ഞു.
സന്ദീപ് വാര്യര്‍ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി പദവി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുനഃസംഘടന നടക്കുന്ന സമയത്താവും ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക തീരുമാനമുണ്ടാകുക. കോണ്‍ഗ്രസ് നേതാക്കളുമായി സന്ദീപ് വാര്യര്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. സംഘടനാ ഭാരവാഹിത്വവും മത്സരിക്കാന്‍ സീറ്റും സന്ദീപ് വാര്യര്‍ പാര്‍ട്ടിയിലേയ്ക്ക് വന്ന സമയത്തുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നടക്കാനിരിക്കുന്ന പുനഃസംഘടനാ സമയത്ത് സന്ദീപിനെ ജനറല്‍ സെക്രട്ടറിയാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ പുനഃസംഘടന വൈകിയാല്‍ അതിന് മുന്‍പേ തന്നെ സന്ദീപിനെ ജനറല്‍ സെക്രട്ടറിയാക്കാനും നീക്കമുണ്ടെന്നാണ സൂചന.
Content Highlights: congress leader vijayan pookkadan against sandeep warrier