കണ്ണൂർ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചർ നവതിയുടെ നിറവിൽ. തൊണ്ണൂറിന്റെ നിർവൃതിയിലാണ് ഞാനെന്നും ഇത്രയും കാലം സഖാവിന്റെ ഭാര്യയായി ജീവിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും ശാരദ ടീച്ചർ റിപ്പോർട്ടറിനോട് പറഞ്ഞു. റിപ്പോർട്ടർ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ അതിഥിയായി എത്തിയതായിരുന്നു ശാരദ ടീച്ചർ.
തൊണ്ണൂറാം പിറന്നാൾ ദിനത്തിലും സഖാവ് ഇ കെ നായനാരെക്കുറിച്ചുള്ള ഓർമകളായിരുന്നു ടീച്ചറുടെ മനസ്സ് നിറയെ. സഖാവിനൊപ്പമുള്ള ജീവിതത്തിലെ നിരവധി ഓർമകളാണ് ടീച്ചർ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ തുടക്കകാലത്ത് തങ്ങൾ ഒരുമിച്ച് ഇരുന്നിട്ടേയില്ലെന്നും പുതിയ വീടിന് തന്നോടുള്ള സ്നേഹം മൂലം ശാരദാസ് എന്ന പേര് സഖാവ് നിർദേശിച്ചതുമെല്ലാം ടീച്ചർ ഓർത്തെടുത്തു. 'സഖാവ് പറഞ്ഞു, ഞാനാണ് ഈ വീട് നന്നായി നോക്കുന്നത്. അതുകൊണ്ട് മറ്റൊരു പേര് വേണ്ട എന്ന്. അത്രയ്ക്കായിരുന്നു സഖാവിന് എന്നോടുള്ള സ്നേഹം' എന്ന് ടീച്ചർ പറയുന്നു. തങ്ങളുടെ കല്യാണ ദിവസത്തെ ടീച്ചർ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. 'സഖാവ് എനിക്ക് മോതിരമിട്ടിട്ടില്ല, താലി കെട്ടിയിട്ടില്ല, ആകെ ഒരു മുല്ലമാല, ഒരു ബൊക്കെ മാത്രമാണ് തന്നത്.ഞാൻ സ്വയം സഖാവിന്റെ പേര് കൊത്തിയിട്ട ഒരു മോതിരം ഉണ്ടാക്കി കൈയിൽ ഇടുകയായിരുന്നു'.
സഖാവിനെ ഒരിക്കലും ഞാൻ തിരുത്താൻ പോയിട്ടില്ലെന്നും ശാരദ ടീച്ചർ പറയുന്നുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ എന്താണ് ചെയ്യുകയെന്ന ചോദ്യത്തിന് പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കുമെന്നും ടീച്ചർ പറഞ്ഞു. ഒപ്പം സഖാവിന്റെ ഒരു കഥയും ! 'ഒരിക്കൽ ഫ്‌ളൈറ്റിൽ പോകുകയാണ് ഞങ്ങൾ. അപ്പോഴും സഖാവ് പേപ്പർ വായനയിലാണ്. അപ്പോൾ ഞാൻ ചോദിച്ചു, ഫ്‌ളൈറ്റിൽ പോകുമ്പോഴെങ്കിലും എന്നോട് ഒന്ന് മിണ്ടിക്കൂടെ എന്ന്. അപ്പോൾ സഖാവ് പറയുകയാണ്, ശാരദേ, നീയും ഒരു പുസ്തകം കയ്യിലെടുത്ത് വായിക്ക് എന്ന്. വായനയിൽ താൻ എപ്പോഴും ഒരു വിദ്യാർത്ഥി ആണെന്നല്ലേ അദ്ദേഹം ഇപ്പോഴും പറയാറുള്ളത്…'
മക്കളും കൊച്ചുമക്കളും അവരുടെ കൊച്ചുമക്കളുമായി വലിയ ഒരു കുടുംബം ഇന്ന് ശാരദടീച്ചരുടെയൊപ്പം ഉണ്ട്. നായനാരിന്റെ ഓർമകൾക്കൊപ്പം തന്നെയും തന്റെ തോനോരം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ടീച്ചർ.
Content Highlights: EK Nayanars wife Sharada Teacher celebrates her 90th birthday