കൊച്ചി: ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കി കുവൈത്തിലെ ബാങ്കില്‍ നിന്നും പണം വായ്പയെടുത്ത് മുങ്ങിയ കേസില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ കേരളത്തില്‍. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത ശേഷം മുങ്ങിയ കേസിലാണ് നടപടി. 1400ല്‍ പരം മലയാളികള്‍ 700 കോടി രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കേരളത്തിലെത്തി എഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക് എന്ന സ്ഥാനത്തില്‍ നിന്നാണ് പണം തട്ടിയത്. വായ്പയെടുത്ത് മുങ്ങിയവരില്‍ ഭൂരിഭാഗവും നഴ്‌സുമാരാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ചെറിയ തുകകളാണ് ഇവര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നത്. ഇത് കൃത്യമായി തിരിച്ചടക്കും. ശേഷം വലിയ തുകകള്‍ വായ്പയെടുക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങുകയുമായിരുന്നു.
വായ്പയെടുത്തവരുടെ പേരും മറ്റ് വിവരങ്ങളും ബാങ്ക് അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലായി 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസന്വേഷണം ദക്ഷിണമേഖലാ ഐജിക്ക് കൈമാറാനാണ് സാധ്യത.
Content Highlight: Kuwait's Gulf bank files complaint in Kerala against 1400 malayalis who left country without paying loans