ആലപ്പുഴ: പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ സന്ദര്‍ശിച്ച് പി ജയരാജന്‍. ജി സുധാകരന്റെ സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം.
തന്നെ കാണണമെന്ന് ജി സുധാകരന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. സുധാകരനുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. കൂടിക്കാഴ്ചയില്‍ പഴയകാല ഓര്‍മകള്‍ അനുസ്മരിച്ചു. രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചുവെന്നും പി ജയരാജന്‍ പറഞ്ഞു.
എസ്എഫ്‌ഐ രൂപീകരണത്ത തുടര്‍ന്ന് ജി സുധാകരന്‍ സെക്രട്ടറിയായിരുന്ന സ്റ്റേറ്റ് കമ്മിറ്റിയില്‍ താനും അംഗമായിരുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന നിലയ്ക്കാണ് തങ്ങള്‍ സ്റ്റേറ്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് മുതല്‍ തനിക്ക് അങ്ങേയറ്റം ആദരവുള്ള നേതാവാണ് ജി സുധാകരനെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന അമ്പലപ്പുള ഏരിയാ സമ്മേളനത്തില്‍ ജി സുധാകരനെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ സുധാകരനെ സന്ദര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വിഷയം ഏറ്റെടുത്തു. ഇത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ജി സുധാകരനെ സന്ദര്‍ശിക്കാന്‍ ജയരാജന്‍ എത്തിയത്.
Content Highlights- p jayarajan met g sudhakaran in his house at alappuzha