മലക്കം മറിഞ്ഞ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി; ജി സുധാകരൻ മഹാനായ നേതാവെന്ന് ആർ നാസർ

സാധാരണ അം​ഗമായതിനാലാണ് അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് ജി സുധാകരനെ ക്ഷണിക്കാതിരുന്നതെന്ന ആർ നാസറിൻ്റെ നിലപാട് നേരത്തെ വിവാദമായിരുന്നു

dot image

ആലപ്പുഴ: ജി സുധാകരൻ മഹാനായ നേതാവെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസ‍ർ. ജി സുധാകരനെ അവ​ഗണിച്ചിട്ടില്ലെന്നും ജി സുധാകരൻ നല്ല മന്ത്രിയെന്ന് പേരെടുത്തയാളെന്നുമാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാട്. പാ‍ർട്ടി പരിപാടികളിൽ ജി സുധാകരനെ പങ്കെടുപ്പിക്കുമെന്നും ആർ നാസർ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിൽ സജീവമാക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെയാണ് മുൻ നിലപാടിൽ നിന്നുമുള്ള സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മലക്കം മറിച്ചിൽ. സാധാരണ അം​ഗമായതിനാലാണ് അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് ജി സുധാകരനെ ക്ഷണിക്കാതിരുന്നതെന്ന ആർ നാസറിൻ്റെ നിലപാട് നേരത്തെ വിവാദമായിരുന്നു.

ജി സുധാകരനെ പാർട്ടി പരിപാടികളിൽ പരിഗണിക്കുന്ന വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. ഉദ്ഘാടന സമ്മേളനത്തിൽ നിന്നും പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ ജി സുധാകരനെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആർ നാസ‍ർ രം​ഗത്ത് വരികയായിരുന്നു. സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആർ നാസർ വ്യക്തമാക്കിയത്. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.

ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പരാമർശം വിവാദമാകുകയും കോൺ​ഗ്രസും ബിജെപിയുമെല്ലാം സുധാകരനെ അവരുടെ പാ‍ർട്ടികളിലേയ്ക്ക് ക്ഷണിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ അതൃപ്തിയുമായി സംസ്ഥാന നേതൃത്വം രം​ഗത്തെത്തിയത്. സാധാരണ അം​ഗം എന്ന പ്രയോ​ഗം പാടില്ലെന്നും അ‍ർ‌ഹിക്കുന്ന ആദരവ് നൽകണമെന്നും ജില്ലാ സെക്രട്ടറിയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നി‍ർദ്ദേശം നൽകിയിരുന്നു. മുതിർന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. മുതിർന്ന നേതാക്കളെ പരിഗണിക്കുന്നതിൽ പുതിയ മാനദണ്ഡം ചർച്ചയാക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

സുധാകരനെ അവഗണിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ച സൗഹാർദപരമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നില്ലെന്നുമാണ് ഇരുനേതാക്കളും പ്രതികരിച്ചത്. കൂടാതെ ജി സുധാകരനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ക്ഷണിച്ചിരുന്നു. പേരെടുത്ത് പറയാതെയാണ് കെ സുരേന്ദ്രൻ ജി സുധാകരനെ ക്ഷണിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.

Content Highlights: R Nazar praised G Sudhakaran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us