തിരുവനന്തപുരത്ത് വിമാന ​ഗതാ​ഗതം തടസ്സപെടുത്തിയ സംഭവം: പട്ടം പറത്തിയത് നിയമം ലംഘിച്ച്

വിമാനങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിൽ വിമാനതാവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളോ പട്ടങ്ങളോ പറത്താൻ വിലക്കുണ്ട്

dot image

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം പട്ടം കറങ്ങി നടന്നതിന് പിന്നാലെ വിമാനഗതാഗതം തടസ്സപ്പെട്ട സംഭവത്തിൽ പട്ടം പറത്തിയത് നിയമം ലംഘിച്ച്. വിമാനങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിൽ വിമാനതാവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളോ പട്ടങ്ങളോ പറത്താൻ വിലക്കുണ്ട്. ലേസർ ലൈറ്റുകളോ കരിമരുന്ന് പ്രയോഗങ്ങളോ ഇവിടങ്ങളിൽ ഉപയോഗിക്കാൻ പാടില്ലായെന്നും നിർദേശമുണ്ട്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന നാഗരാജു ചക്കിലമാണ് പട്ടം പറത്തലുൾപ്പടെയുള്ള നിരോധന ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവ് ലംഘിച്ചാണ് ഇവിടെ പട്ടം പറത്തിയത്. പട്ടം പറത്തിയ ആളെ കണ്ടെത്താനായിട്ടില്ല.

 വിമാനപാതയില്‍ അപകടരമായ സാഹചര്യത്തില്‍ പട്ടം പറന്നതിനെ തുടർന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാ സേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ആറുവിമാനങ്ങളുടെ വഴിയാണ് കറങ്ങി നടന്ന പട്ടം തടസ്സപ്പെടുത്തിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് 200 അടിയോളം മുകളിലായിയാണ് പട്ടം പറന്നത്. വൈകീട്ട് രണ്ടു മണിക്കുറോളം വ്യോമ​ഗതാ​ഗതം തകിടം മറിച്ചാണ് പട്ടം പറന്ന് ഉയർന്നത്. ഇതേ തുടർന്ന് നാല് വിമാനങ്ങൾ വഴിതിരിച്ച് വിടുകയും പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങളുടെ യാത്ര താൽക്കാലികമായി നിർത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് വിമാനത്താവളത്തിലെ ജീവനക്കാരെ കറക്കിയ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളള ഭാഗത്താണ് 200 അടി ഉയരത്തിൽ പട്ടം പറന്നത്. വിമാനത്താവള അധികൃതര്‍ അറിയിച്ചതു പ്രകാരം റണ്‍വേയുടെ പരിധിയിലെ എല്ലായിടത്തും പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.

വിമാനത്താവളത്തിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് റണ്‍വേയ്ക്ക് മുകളില്‍ വിമാനപാതയില്‍ പട്ടമുണ്ടെന്ന വിവരം നല്‍കിയത്. ഇറങ്ങാനെത്തുന്ന വിമാനങ്ങള്‍ക്ക് പട്ടവും അതിന്റെ നൂലും അപകടത്തിനിടയാക്കുമെന്നതിനെ തുടര്‍ന്ന് അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് നിര്‍ദേശം ലഭിക്കുന്നതുവരെ വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുളള ' ഗോ എറൗണ്ട് സന്ദേശം നല്‍കി. പുറപ്പെടാന്‍ ഒരുങ്ങിയ വിമാനങ്ങളെ തല്‍ക്കാലം പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിടാനും എ ടിസി നിര്‍ദേശം നല്‍കി.

4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്, തൊട്ടുപിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗ്ലുരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നീ വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് ചുറ്റി കറങ്ങാൻ നിർദ്ദേശം നല്‍കിയത്. വൈകിട്ടോടെ ഹൈദ്രാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ബേയില്‍ നിര്‍ത്തിയിട്ടത്.

Content highlight- Air Traffic Disruption Incident: Kites were flown in violation of the law

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us