കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വാർഡ് വിഭജനം അശാസ്ത്രീയമെന്ന് ആരോപണം. വാർഡ് വിഭജന പ്രക്രിയ സർക്കാർ അട്ടിമറിച്ചെന്നാണ് ആരോപണം. വാർഡ് വിഭജനത്തിനെതിരെ മുസ്ലിം ലീഗും, ബിജെപിയും അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. വാർഡ് വിഭജനം അശാസ്ത്രീയമെന്ന് യുഡിഎഫും എൻഡിഎയും ഇതിനകം ആരോപിച്ചിട്ടുണ്ട്. എൽഡിഎഫ് അട്ടിമറിക്ക് ശ്രമിക്കുന്നതായാണ് ആരോപണം. വാർഡ് വിഭജനത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് യുഡിഎഫ്. നിയമ പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് യുഡിഎഫ്. വാർഡ് വിഭജനത്തിൽ രാഷ്ട്രീയമില്ലെന്നാണ് എൽഡിഎഫ് നിലപാട്. മാനദണ്ഡം അനുസരിച്ചാണ് വാർഡ് വിഭജനം എന്ന് എൽഡിഎ. വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന പരാതികൾ പരിശോധിക്കുകയാണ് റിപ്പോർട്ടർ ലൈവത്തോൺ.
തിരുവനന്തപുരം നഗരസഭയിൽ വാർഡ് വിഭജനം അശാസ്ത്രീയമായാണെന്ന ആക്ഷേപം ഇതിനകം ഉയർന്ന് കഴിഞ്ഞു. നഗരസഭയിൽ ഒരു വാർഡ് വർദ്ധിപ്പിച്ചത് നിലവിലെ നൂറ് വാർഡും വെട്ടി മുറിച്ചുകൊണ്ടാണ്. വാർഡ് വിഭജനം വന്നതോടെ നഗര പരിധിയിലെ ജനങ്ങൾ നേരിടേണ്ടിവരുന്നത് വലിയ പ്രതിസന്ധി. നൂറ് വാർഡുകളിലേയും ജനങ്ങളുടെ ടി സി നമ്പരും, വീട്ടുനമ്പരും മറും. ഇങ്ങനെ മാറ്റം വരുന്നതോടെ ജനങ്ങളുടെ രേഖകൾ എല്ലാം അസാധുവാകുമെന്നാണ് ആശങ്ക.
വാർഡ് വിഭജനത്തിൽ ഏറ്റവും കൂടുതൽ പരാതികൾ വന്നിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയ സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിക്കുന്നത്. വാർഡ് വിഭജനത്തിൽ സിപിഐഎം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു. ഉദ്യോഗസ്ഥരെ വരുതിയിലാക്കിയ സിപിഐഎം അതിനു വഴങ്ങാത്തവരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്നും ആരോപണമുണ്ട്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് വാർഡ് വിഭജനം പൂർത്തിയാക്കിയാക്കിയത്. ഇതിനെതിരെ മുസ്ലിം ലീഗ് നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുണ്ട്. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്നും ഇതിൽ നിയമലംഘനമുണ്ടെന്നുമാണ് യുഡിഎഫിൻ്റെ പരാതി. അതിർത്തികൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നും വീടുകളുടെ എണ്ണം തെറ്റായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം. ഒരു വാർഡിൽ ശരാശരി 330 വീടുകൾ വേണം. വിഭജിച്ചപ്പോൾ ചില വാർഡുകളിൽ 200ൽ താഴെയും ചിലതിൽ 500ലധികവും വീടുകൾ ഉൾക്കൊള്ളിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ 308 പരാതികളാണുള്ളത്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ ആകെ ലഭിച്ചത് 859 പരാതികൾ. 68 പഞ്ചായത്തുകളിൽ നിന്നും 672 പരാതികളാണ് ഇതുവരെ ലഭിച്ചത്. നാല് മുൻസിപ്പാലിറ്റികളിൽ നിന്നായി 38 പരാതികളും ലഭിച്ചു. കൊല്ലം കോർപ്പറേഷനിൽ നിന്ന് മാത്രമായി ലഭിച്ചത് 149 പരാതികളാണ്. സിപിഐഎം നേതാക്കൾ നൽകിയ വിവരം അനുസരിച്ചു വിഭജനം എന്നാണ് ആരോപണം. സിപിഐഎമ്മിനു വോട്ട് കുറഞ്ഞ വാർഡുകളിലേക്ക് കൂട്ടിച്ചേർക്കലും മറ്റു പാർട്ടികൾക്ക് വോട്ട് കൂടിയ വാർഡ് മുറിച്ചു മാറ്റിയെന്നുമാണ് ആക്ഷേപം.
പത്തനംതിട്ടയിൽ ചെന്നീർക്കര പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ പരാതി ഉയർന്നിട്ടുണ്ട്. പ്രധാപ്പെട്ട സ്ഥലമായ മുട്ടത്തുകോണത്തിൻ്റെ പേര് ഒഴിവാക്കി നല്ലാനിക്കുന്ന് നോർത്ത്, സൗത്ത് എന്നാക്കി മാറ്റിയെന്നാണ് ആക്ഷേപം. വാർഡ് വിഭജനത്തിൻ്റെ കരട് തയ്യാറാക്കിയിരിക്കുന്നത് അശാസ്ത്രീയമായിട്ടെന്ന് ആരോപണം.
എറണാകുളം ജില്ലയിലും വ്യാപക പരാതികളാണ് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്. വിഭജനം അശാസ്ത്രീയമെന്നും എൽഡിഎഫ് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്.
കണ്ണൂർ പരിയാരം പഞ്ചായത്തിൽ അശാസ്ത്രീയമായ വിഭജനമെന്നാണ് മുസ്ലിംലീഗ് ആരോപണം. വാർഡ് വിഭജനത്തിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിട്ടുണ്ട്. സിപിഐഎമ്മിന് വിജയിക്കാൻ പാകത്തിൽ വാർഡ് വിഭജിച്ചു എന്നാണ് ആരോപണം. നാല് കിലോമീറ്റർ നീളത്തിൽ പോലും വാർഡുകളെ വിഭജിച്ചുവെന്നും പരാതിയുണ്ട്. വാർഡ് വിഭജനത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് സിപിഐഎം നിലപാട്.
Content highlights: Complaint that division of wards in local bodies is unscientific