കൊച്ചി: യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്ന് സഭയിലെ മെത്രാപ്പോലീത്തമാരുമായി കൂടിക്കാഴ്ച നടത്തും.ഉച്ച കഴിഞ്ഞ് 3.30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലാണ് കൂടിക്കാഴ്ച. സഭാ തർക്കവും പുതിയ ശ്രേഷ്ഠ ബാവയുടെ നിയമനവുമടക്കമുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വരും.
ഇന്ന് രാവിലെ 8.30ന് മലേക്കുരിശ് ദയറായിൽ പാത്രിയർക്കീസ് ബാവാ കുർബ്ബാന അർപ്പിക്കും. പള്ളിക്കര, കരിങ്ങാച്ചിറ, മുളന്തുരുത്തി, കോലഞ്ചേരി മേഖലകളിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥയാത്ര വൈകീട്ട് ശ്രേഷ്ഠ ബാവായുടെ കബറിൽ എത്തിച്ചേരും. തുടർന്ന് പാത്രിയർക്കീസ് ബാവായുടെയും മെത്രാപ്പോലീത്തന്മാരുടേയും നേതൃത്വത്തിൽ സന്ധ്യാനമസ്‌ക്കാരം നടക്കും. ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിനമായ നാളെ നടക്കുന്ന കുർബാനയിൽ പാത്രിയർക്കീസ് ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ശ്രേഷ്ഠ ബാവാ അനുസ്മരണ യോഗത്തിൽ പാത്രിയർക്കീസ് ബാവാ മുഖ്യ പ്രഭാഷണം നടത്തും.
പത്ത് ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്നലെയാണ് കൊച്ചിയിലെത്തിയത്. ദുബായിൽ നിന്നു എമിറേറ്റ്സ് വിമാനത്തിൽ രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. 17ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മടക്കം.
Content Highlights: The head of the Jacobite Church will meet with the metropolitans today