സർക്കാരിൻറെ ഓണാഘോഷത്തിന് ഫഹദെത്തി; വിളിച്ചു, വന്നു: ശിവന്‍കുട്ടി

സര്‍ക്കാരിന്റെ ഓണാഘോഷന് ഫഹദ് പ്രതിഫലം വാങ്ങാതെയാണ് എത്തിയതെന്നാണാണ് മന്ത്രി പറയാതെ പറഞ്ഞത്

dot image

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്. അതിനിടെ അതേവേദിയില്‍ നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് ശിവന്‍കുട്ടി നടത്തിയ പരാമര്‍ശവും ചർച്ചയാവുന്നുണ്ട്. സര്‍ക്കാരിന്റെ ഓണാഘോഷത്തിന് ഫഹദ് പ്രതിഫലം വാങ്ങാതെയാണ് എത്തിയതെന്നാണാണ് മന്ത്രി പറയാതെ പറയുന്നത്. നടി ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയാഞ്ഞിട്ടല്ല. വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറയുന്നുണ്ട്.

'ഫഹദിനെ കഴിഞ്ഞ ഓണാഘോഷത്തിന് വിളിച്ചിരുന്നു. വിമാനത്തിലാണ് വന്നത്. എപ്പോള്‍ വന്നെന്നോ എവിടെ താമസിച്ചെന്നോ അറിയില്ല. കൃത്യസമയത്ത് പരിപാടിക്കെത്തി ചേര്‍ന്നു. സിനിമാ ലോകത്ത് കുറേ കാര്യങ്ങള്‍ ഉണ്ട്. നടിയുടെ സംഭവം എന്നെ വേദനിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന് അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടല്ല. കൊടുക്കില്ലെന്ന് തീരുമാനിച്ചു. വേറെ എത്രയോ ഡാന്‍സര്‍ ടീച്ചര്‍മാരുണ്ട്. സിനിമയില്‍ കുറച്ച് കാശായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്', എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.

'16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു'വെന്നും ശിവന്‍കുട്ടി പറഞ്ഞു.

'സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്' എന്നും വി ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: Government Onam Celebration fahad not buy Money Said V Sivankutty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us