തിരുവനന്തപുരം': തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി അയല്‍വാസി സുലൈഖ. നമിതയുടെ പ്രതിശ്രുത വരന്‍ സന്ദീപ് ഇന്നലെ രാവിലെ വഞ്ചുവത്തെ വീട്ടില്‍ വന്നിരുന്നു എന്ന് സുലൈഖ പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് അവിടെ നിന്ന് മടങ്ങി. ഇതിന് ശേഷം പന്ത്രണ്ട് മണിയോടെ സന്ദീപ് വീണ്ടും വന്നു. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നായിരുന്നു അകത്തുകയറിയത്. ഇതിന് ശേഷം വീടിന്റെ അകത്ത് നിന്ന് സന്ദീപിന്റെ നിലവിളി ശബ്ദമാണ് കേട്ടതെന്നും അയല്‍വാസി പറഞ്ഞു.
നമിതയ്ക്ക് പനി ആണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും അയല്‍വാസി പറഞ്ഞു. ഓട്ടോക്കാരന്‍ പറഞ്ഞാണ് ആത്മഹത്യ എന്ന് അറിഞ്ഞതെന്നും സുലൈഖ പറഞ്ഞു. നമിതയും അമ്മ രജിതയും നാല് മാസമായി വഞ്ചുവത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കോഴിഫാമിലെ ജീവനക്കാരിയായിരുന്നു അമ്മ രജി. ഇടക്കിടയ്ക്ക് സന്ദീപ് ഈ വീട്ടില്‍ വരുമായിരുന്നു. നമിത മാമിയുടെ മകളാണെന്നാണ് സന്ദീപ് പറഞ്ഞിരുന്നതെന്നും സുലൈഖ വ്യക്തമാക്കി.
ഇന്നലെയായിരുന്നു ഐടിഐ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ നമിതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം നമിത മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. നമിത ഫോണ്‍ എടുക്കാതെ വന്നതോടെ സന്ദീപ് എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Content Highlights- neighbor reaction on namitha death case