മലപ്പുറം: പൊന്നാനിയിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള പാണ്ടികശാല പൊളിച്ചുമാറ്റുന്ന നടപടിയിൽ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ക്ക് തുറന്ന കത്തുമായി ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ കെ ആര്‍ സുനില്‍. പൊന്നാനിയുടെ ചരിത്രവുമായിഏറെ ബന്ധപ്പെട്ടതും കാലപ്പഴക്കവുമുള്ള പാണ്ടികശാല പൊളിച്ചുമാറ്റുന്നതിനെതിരെയാണ് കെ ആര്‍ സുനില്‍ രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ഒരു തുറമുഖ നഗരത്തിന്റെ പ്രതീകങ്ങളിലൊന്നാണ് മാഞ്ഞുപോകുന്നതെന്ന് സുനിൽ ഫേസ്ബുക്കിൽ കുറിച്ചു തദ്ദേശീയ സ്മാരകങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സാംസ്‌കാരിക വകുപ്പിനും ടൂറിസം വകുപ്പിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നിരവധി ഫോട്ടോഗ്രഫി സീരിസുകളുടെ സൃഷ്ടാവാണ് കെ ആർ സുനിൽ. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന 'തുടരും' എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്.
കെ ആർ സുനിൽ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിലെ ടൂറിസം - സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ക്ക് ഒരു തുറന്ന കത്ത്.
ഓരോ ജനതയുടെയും ചരിത്രവുമായി ബന്ധപ്പെട്ട അവശേഷിപ്പുകളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന രീതിയാണ് പുറം രാജ്യങ്ങളിലൊക്കെ ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന പല ഇടങ്ങള്‍ക്കും എന്ത് പ്രാധാന്യമാണ് ലഭിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ പറയും. 2014 ല്‍ പൊന്നാനിയില്‍ നിന്ന് ഞാന്‍ പകര്‍ത്തിയ ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് അവിടുത്തുകാരനായ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം അയച്ചുതന്നതും.
എന്റെ കലാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് പൊന്നാനി. അവിടെ എത്തിപ്പെട്ട കാലം മുതല്‍ ആ നാടുമായും അവിടുത്തെ മനുഷ്യരുമായുമുള്ള ആത്മബന്ധം ഇന്നും തുടരുന്നു. മാത്രമല്ല രണ്ട് പ്രധാന ഫോട്ടോഗ്രാഫി പരമ്പരകള്‍ പൊന്നാനിയുമായി ബന്ധപ്പെട്ട് ചെയ്തിരുന്നു. അതില്‍ ആദ്യത്തേത് ആ തുറമുഖ നഗരത്തിലെ മനുഷ്യരെ ചുറ്റിപ്പറ്റിയുള്ളതും, മറ്റൊന്ന്, പോയ കാലങ്ങളില്‍ പത്തേമാരികളില്‍ തൊഴിലെടുത്തിരുന്ന, കാറ്റിനെ മാത്രം ആശ്രയിച്ച് കടലില്‍ സഞ്ചരിച്ചിരുന്ന, സാഹസികരായ തൊഴിലാളികളെക്കുറിച്ചുള്ളതും. അവരിലേറെപ്പേരും സമൂഹത്തിന്റെ ഏറ്റവും അരികുകളില്‍ ജീവിച്ചിരുന്നവരാണ്. കരയില്‍ നിന്ന് ചിന്തിച്ചാല്‍ നമുക്ക് അവിശ്വസനീയമായി തോന്നുന്ന ജീവിത കഥകളാണ് അവര്‍ പലപ്പോഴായി പങ്കിട്ടത്.
ആ ഫോട്ടോഗ്രാഫി സീരീസുകള്‍ കൊച്ചി ബിനാലെയിലും, മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലും വിദേശ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും പലരും പൊന്നാനിയെന്ന പുരാതനമായ തുറമുഖ നഗരത്തേക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ചു. ചിലര്‍ അവിടേക്ക് സഞ്ചരിച്ചു. സങ്കല്‍പിക്കാന്‍ കഴിയാത്തത്രയും തീവ്രത നിറഞ്ഞതും, അസാധാരണവുമായ ജീവിതം നയിച്ച സാധാരണക്കാരായ മനുഷ്യരില്‍ നിന്ന് കേട്ട അനുഭവ കഥകളാണ് എന്നെ വീണ്ടും വീണ്ടും പൊന്നാനിയിലേക്കെത്തിച്ചത്. എന്നാല്‍, കാലം കടന്നുപോകവേ അവരില്‍ പലരും ഓര്‍മ്മയായി.
അവരുടെ ജീവിതത്തിന്റെ, കടല്‍ സഞ്ചാരങ്ങളുടെ, കച്ചവടങ്ങളുടെ, കടല്‍ വഴിയെത്തിയ ബന്ധങ്ങളുടെ ഓര്‍മ്മകളില്‍ പലപ്പോഴും കടന്നുവന്ന പ്രധാന അവശേഷിപ്പാണ് ഹാര്‍ബറിനോടടുത്ത് ഇന്നും സ്ഥിതിചെയ്യുന്ന, നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്താല്‍ വേരുകള്‍ പൊതിഞ്ഞ ഒരു പാണ്ടികശാല (ഗോഡൗണ്‍). 2016ല്‍ ബിനാലെയിലെ എന്റെ പ്രദര്‍ശനത്തിലെ പ്രധാന ചിത്രങ്ങളിലൊന്നും അതായിരുന്നു. കടലോരത്തെ പുരാതനമായ ആ പാണ്ടികശാലയുടെ ചുവരുകളില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ക്ക് ആ നാട് പിന്നിട്ട ചരിത്രത്തെക്കുറിച്ച് സാക്ഷ്യം പറയാനുണ്ട്. എന്നാല്‍ ആ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ആ മരങ്ങളെല്ലാം വെട്ടിമാറ്റി ആ ചരിത്ര സ്മാരകത്തിന്റെ പാതിയോളം പൊളിച്ചുവെന്നാണ് നാട്ടുകാരായ സുഹൃത്തുക്കള്‍ വേദനയോടെ പറഞ്ഞത്.
കേരളത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു തുറമുഖ നഗരത്തിന്റെ പ്രതീകങ്ങളിലൊന്നാണ് ദിവസങ്ങള്‍ക്കകം മാഞ്ഞുപോകുന്നത്. ലക്ഷക്കണക്കിന് സഞ്ചാരികള്‍ വര്‍ഷം തോറും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമെത്തുന്ന നാടാണല്ലോ നമ്മുടേത്. അവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ഒരിടമാണ് തകര്‍ക്കപ്പെടുന്നത്. തദ്ദേശീയ സ്മാരകങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സാംസ്‌കാരിക വകുപ്പിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇത്തരം ചരിത്രാവശേഷിപ്പുകള്‍ യാതൊരു വിലയും കല്‍പിക്കാതെ തകര്‍ക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
Content Highlights: Writer and Photographer KR Sunil on Archeological site loss