തിരുവനന്തപുരം: ഉന്നതിയിലെ ഫയലുകൾ എൻ പ്രശാന്ത് ഐഎഎസ് കൈമാറിയില്ലെന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ രണ്ട് കത്തുകളിലും വൻ ദുരൂഹത. ആറാം മാസവും ഏഴാം മാസവും തയ്യാറാക്കിയതായി തീയതിയിട്ടിരിക്കുന്ന രണ്ട് കത്തുകളും ഓഫീസ് ഫയലിൽ അപ്‌ലോഡ് ചെയ്തത് എട്ടാം മാസം എന്ന രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. ഈ രണ്ട് ദുരൂഹ കത്തുകളും അപ്‌ലോഡ് ചെയ്തത് ഡോക്ടർ ജയതിലകിന്റെ ഓഫീസിൽ നിന്നായിരുന്നു. ഡോക്ടർ ജയതിലക് ധനകാര്യവകുപ്പിലേക്ക് സ്ഥലം മാറുന്നതിന്റെ രണ്ടാഴ്ച ആഴ്ച മുമ്പായിരുന്നു ഇത്.
രണ്ട് വ്യത്യസ്ത മാസങ്ങളിൽ അയച്ചു എന്ന് പറയപ്പെടുന്ന രണ്ട് കത്തുകളും ഒരേ ദിവസം ഒരേ സമയം അപ്‌ലോഡ് ചെയ്തതാണ് ദുരൂഹമാകുന്നത്. ഈ കത്തുകൾ വെച്ചായിരുന്നു ഉന്നതിയിലെ ഫയലുകൾ എൻ പ്രശാന്ത് കൈമാറിയില്ലെന്ന റിപ്പോർട്ട് തയ്യാറാക്കിയത്. എൻ പ്രശാന്തിനെ കുടുക്കാൻ ഗോപാലകൃഷ്ണൻ ഐഎഎസും ജയ്തിലക് ഐഎഎസും ഒത്തുകളി നടത്തിയോ എന്ന സംശയമാണ് ഇതോടെ ഉയരുന്നത്. ഉന്നതിയിലെ ഫയലുകൾ കാണാനില്ലെന്ന് കാണിച്ച് രണ്ടു കത്തും 2024 ആഗസ്ത് ഒന്നിന് വൈകീട്ട് 3.16 നാണ് അപ്‌ലോഡ് ചെയ്തത്.
കത്തയച്ച തീയതിയിൽ ഇ-ഓഫീസ് ഫയലിൽ കത്തില്ല. രണ്ടുകത്തിലും ഫയൽ നമ്പറും കത്ത് നമ്പറും ഇല്ലായെന്നതും സംഭവത്തിൻ്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. എട്ടാം മാസമാണ് രണ്ട് കത്തും ഇ ഓഫീസ് ഫയലിലെത്തിയത്. കത്ത് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത് എസ് സി ഡയറക്ടറുടെ ഓഫീസിൽ നിന്നായിരുന്നു. എന്നാൽ കത്ത് അപ്‌ലോഡ് ചെയ്തത് ഡോ. ജയതിലകിൻ്റെ ഓഫീസിൽ നിന്നാണ്.
ഇതേ ഗോപാലകൃഷ്ണൻ തന്നെയായിരുന്നു മല്ലു ഹിന്ദു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഫോൺ ഹാക്ക് ചെയ്തെന്ന് പോലീസിൽ വ്യാജ പരാതി നൽകിയിരുന്നു. ഗോപാലകൃഷ്ണൻ ഐഎഎസിൻ്റെ പരാതി വ്യാജമാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlights: Big mystery in both letters of Gopalakrishnan IAS that the file in Unanti is missing