'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല, സുധാകരൻ മാറേണ്ടതില്ല'; ചാണ്ടി ഉമ്മൻ

സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്ന് ചാണ്ടി ഉമ്മൻ

dot image

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കെ സുധാകരനെ മാറ്റേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മൻ്റെ അസാന്നിധ്യം ചർച്ചയായിരുന്നു. ചാണ്ടി ഉമ്മൻ സജീവമാകാത്തത് ചർച്ചയായതോടെ കെ സി വേണുഗോപാൽ ഇടപെട്ടാണ് ചാണ്ടി ഉമ്മനെ പാലക്കാട് എത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെ പി സി സി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരനും നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്നും പക്ഷെ അതിന് പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കെ മുരളീധരൻ അഭിപ്രായം. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചിരുന്നു. പാ‍ർട്ടിയെ നയിക്കാനുള്ള ആരോ​ഗ്യം കെ സുധാകരനുണ്ടെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ശശി തരൂർ എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരൻ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് നേരത്തെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതികരിച്ചിരുന്നു. അക്കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേകം ബോഡിയുണ്ട്. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങൾ അറിയും എന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ആശയക്കുഴപ്പമുണ്ടെന്ന വിവരം നേരത്തെ റിപ്പോ‍ർട്ടർ പുറത്ത് വിട്ടിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്.

Content Highlights: Chandy Oommen reacts on palakkad by election

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us