കോഴിക്കോട്: എം കെ രാഘവന്‍ എംപിക്കെതിരെ പ്രകോപന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എം കെ രാഘവന്റെ കണ്ണൂര്‍ കുഞ്ഞിമംഗലത്തെ വീട്ടിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപന മുദ്രാവാക്യം വിളിച്ചത്. 'കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും' എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞത്. എം കെ രാഘവന്റെ വീടിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകര്‍ എം കെ രാഘവന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
എം കെ രാഘവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് കുഞ്ഞിമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി കെ വി സതീഷ് പറഞ്ഞു. രാഘവന്റെ ബന്ധുവായ എം കെ ധനേഷിന് മാടായി കോളേജില്‍ നിയമനം നല്‍കരുത്. നിയമനം നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും വഞ്ചിച്ചു. ഭിന്നശേഷി നിയമനമാണെന്ന പ്രചാരണം നടത്തി. എം കെ ധനേഷിന്റെ നിയമനത്തിലാണ് ആക്ഷേപമെന്നും പ്രതിഷേധം തുടരുമെന്നും കെ വി സതീഷ് പറഞ്ഞു.
മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.
അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരുന്നു അതെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
Content Highlights- congress workers protest against m k raghavan mp in kunjimangalam