കാഞ്ഞങ്ങാട്: ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. യൂണിഫോമും, തൊപ്പിയും മാറ്റി കാഞ്ഞങ്ങാട് അങ്ങാടിയിൽ ഇറങ്ങണമെന്നാണ് വെല്ലുവിളി. 'ഒരു എസ്എഫ്ഐക്കാരൻ മതി നിന്നെ കൈകാര്യം ചെയ്യാൻ. കാഞ്ഞങ്ങാട് ടൗണിൽ വെച്ച് നേരിടും. ബാബു പെരിങ്ങേത്തിനെത്തിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് ആവശ്യപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് സക്കാത്ത് വാങ്ങിയാണ് ഡിവൈഎസ്പിയുടെ പ്രവർത്തനം. ഇന്നലെ നടത്തിയ ചർച്ചയിൽ പോലും ഡിവൈഎസ്പി വിദ്യാർത്ഥികളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു' എന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു. ഇനിയും തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാക്കളോട് ബാബു പെരിങ്ങേത്ത് പറയുകയാണ്. ചങ്കൂറ്റമുണ്ടെങ്കിൽ ഒളിച്ചിരിക്കാതെ പുറത്തേക്ക് വരാനും രജീഷ് വെല്ലുവിളിച്ചു. ഈ പ്രശ്നത്തെ വഴിതിരിച്ചുവിടാനാണ് ബാബു പെരിങ്ങേത്ത് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഭവം അക്രമത്തിലേക്കെത്തിയത്. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥി ചൈതന്യയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവം സഹപാഠികൾ കണ്ടതിനാലാണ് വിദ്യാർഥിനിയെ രക്ഷിക്കാനായത്. പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.
Content Highlights: DYFI challenges DYSP babu peringeth