കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും.
വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിഹരണ നടപടികൾ എല്ലാം ഉണ്ടായത്. 2018 മാർച്ച് 8നാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചതും. 2017 ഫെബ്രുവരി 17-ന് രാത്രി നടിക്കെതിരെ അതിക്രമം ഉണ്ടായത്. നടിയുടെ വാഹനത്തിൽ ബലമായി കയറിക്കൂടിയ അക്രമികൾ നടിയെ ഉപദ്രവിക്കുകയായിരുന്നു. ദിലീപ് ഉൾപ്പെടെ 10 പ്രതികളാണ് കേസിൽ ഉള്ളത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചു. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർമാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പുതല നടപടിയിൽ ഒതുക്കാൻ നീക്കം നടക്കുന്നു. അതിനാൽ ക്രിമിനൽ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവതയുടെ ആവശ്യം. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നൽകിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയിൽ അതിജീവിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: Final Trial at case actress assault case to start from tomorrow