കൊച്ചി: ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ട ഹർജി ഇന്നത്തേക്ക് മാറ്റിയിരുന്നു. വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്‌പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയിൽ സമർപ്പിക്കും.
'വിവാദ പരിഗണന'യിൽ നാല് പേർക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് ദിലീപിനൊപ്പം വിഐപി ദര്‍ശനം നേടിയത്. ഇതിലാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദീകരണം നല്‍കുക. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും കൂട്ടാളികളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.
ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദർശനം തടസ്സപ്പെട്ടത് തെറ്റാണ്. ദിലീപിന് മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രമാണ്. മാധ്യമ പ്രവർത്തകർക്കടക്കം റൂം അനുവദിക്കാറുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി അനധികൃതമായി ഡോണർ മുറി കൈവശം വെച്ച സുനിൽ സ്വാമി എന്ന സുനിൽ കുമാറിനെ കുറിച്ചുള്ള കോടതി പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. സുനിൽ കോടതി നിർദേശം വന്ന ഉടനെ മല ഇറങ്ങി. അദ്ദേഹത്തിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്. അവിടെയാണ് തങ്ങിയതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
Content Highlights: Highcourt to take up petition regarding Dileeps VIP Darshan at Sabarimala