കണ്ണൂർ: മാടായി കോളേജ് നിയമന വിഷയത്തിൽ എം കെ രാഘവൻ എം പിയുടെ നിലപാടിൽ കണ്ണൂർ ഡിസിസിക്ക് കടുത്ത അതൃപ്തി. നിയമനത്തിൽ വീഴ്ചയുണ്ടായി എന്ന് കെപിസിസി പ്രസിഡന്റിനെ ഡിസിസി നിലപാട് അറിയിച്ചു.
കോഴ വാങ്ങി ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. പ്രവർത്തകരുടെ വികാരത്തെ കണക്കിലെടുക്കാതെയാണ് എം കെ രാഘവൻ എംപി നിയമനം നടത്തിയത് എന്നും ഡിസിസി സുധാകരനെ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ കോൺഗ്രസിൽ വീണ്ടും ഒരു നേതാവ് കൂടി രാജിവെച്ചു. വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ.ടി ഹരീഷാണ് രാജിവെച്ചത്.
കഴിഞ്ഞ ദിവസം, എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി ഉണ്ടായിരുന്നു കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചിരുന്നു. എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ചും നേതാക്കൾ പ്രതിഷേധിച്ചിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാടായി കോളേജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചു. നാല് നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഡിസിസി നടപടിയിൽ യൂത്ത് കോൺഗ്രസിൽ അടക്കം പ്രതിഷേധം കനക്കുകയാണ്.
Content Highlights: Kannur DCC against MK Raghavan MP